മഹാരാഷ്ട്രയിൽ നടന്ന പത്താം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ മറാഠി ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത 80,803 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പരാജയപ്പെട്ടത്. ആകെ പരീക്ഷ എഴുതിയ 10,98,623 വിദ്യാർത്ഥികളിൽ 10,06,896 പേർ വിജയിച്ചപ്പോൾ, ഭാഷാ വിഷയത്തിലെ ഈ വലിയ തോൽവി വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറാഠി രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി പഠിച്ച 4,13,917 വിദ്യാർത്ഥികളിൽ 13,741 പേരും പരാജയപ്പെട്ടു. ഇതോടെ വിവിധ വിഭാഗങ്ങളിലായി ആകെ 94,544 വിദ്യാർത്ഥികളാണ് മറാഠി ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടത്. അടുത്തിടെ കേന്ദ്ര സർക്കാർ മറാഠി ഭാഷയ്ക്ക് 'ശ്രേഷ്ഠ ഭാഷ' പദവി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയധികം വിദ്യാർത്ഥികൾ മാതൃഭാഷയിൽ പരാജയപ്പെടുന്നത് ഗൗരവകരമായ വിഷയമായാണ് വിദ്യാഭ്യാസ വിദഗ്ധർ കാണുന്നത്.

നഗരവൽക്കരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അമിതമായ വളർച്ചയുമാണ് കുട്ടികൾക്ക് മാതൃഭാഷയുമായുള്ള ബന്ധം കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വീടുകളിൽ പോലും ഇംഗ്ലീഷും ഹിന്ദിയും ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് മറാഠി ഭാഷാ പരിജ്ഞാനത്തെ ബാധിക്കുന്നുണ്ട്. കൂടാതെ, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾക്ക് നൽകുന്ന അമിത പ്രാധാന്യം ഭാഷാ പഠനത്തിന് ലഭിക്കുന്നില്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ഭാഷാ പഠനം സാഹിത്യത്തോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്നതിന് പകരം വെറും പരീക്ഷാ കേന്ദ്രീകൃതമായി മാറിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. ഭാഷയോടുള്ള താൽപ്പര്യം കുറയുന്നത് ഭാവിയിൽ സാംസ്കാരികമായ വലിയ വിടവുകൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Media Mangalam