റബര്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. കിലോയ്ക്ക് 300 രൂപയെന്ന റെക്കോഡ് വിലയിലേക്ക് റബര്‍ വില അടുക്കുകയാണെന്നാണ് വിപണിയിലെ സൂചനകള്‍. നിലവില്‍ റബര്‍ ബോര്‍ഡ് നിശ്ചയിച്ച ആര്‍.എസ്.എസ് ഫോര്‍ (RSS-4) ഗ്രേഡിന്റെ വില 257 രൂപയിലെത്തിയിട്ടുണ്ട്. എന്നാല്‍ വിപണിയിലെ ഷീറ്റ് ക്ഷാമം കാരണം പല കമ്പനികളും 262 മുതല്‍ 265 രൂപ വരെ നല്‍കിയാണ് റബര്‍ സംഭരിക്കുന്നത്. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ വില 300 രൂപ കടക്കുമെന്ന് വ്യാപാരികള്‍ ഉറപ്പിച്ചു പറയുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും കടുത്ത വേനല്‍ കാരണം ടാപ്പിംഗ് നിലച്ചതും ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇതാണ് വില കുതിച്ചുയരാന്‍ പ്രധാന കാരണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസാഹചര്യം ചരക്കുനീക്കത്തെ ബാധിച്ചത് അന്താരാഷ്ട്ര വിപണിയില്‍ വില ഉയരാന്‍ കാരണമായി. കൂടാതെ തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കനത്ത ചൂട് മൂലം ഉത്പാദനം കുറഞ്ഞതോടെ ബാങ്കോക്ക് വിപണിയില്‍ ആര്‍.എസ്.എസ് ഫോര്‍ വില 287 രൂപ വരെ ഉയര്‍ന്നു.
ഇറക്കുമതിച്ചെലവ് വര്‍ദ്ധിച്ചതിനാല്‍ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്. രാജ്യാന്തര വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി ടയര്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ റബര്‍ വിലയില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം, ടാപ്പിംഗ് നിലച്ചതിനാല്‍ ഈ വിലവര്‍ദ്ധനവിന്റെ ഗുണം പല ചെറുകിട കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ കുരുമുളക് വിപണിയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. കര്‍ണാടകയില്‍ നിന്നുള്ള കുരുമുളക് വ്യാപകമായി വിപണിയിലെത്തിയതോടെ ഹൈറേഞ്ച് കുരുമുളക് വില കിലോയ്ക്ക് മൂന്ന് രൂപ കുറഞ്ഞു. നാടന്‍ കുരുമുളക് 700 രൂപ കടന്നെങ്കിലും കര്‍ണാടക കുരുമുളകിന് 695 രൂപയാണ് വില. ശ്രീലങ്കയില്‍ നിന്ന് 2500 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച കാരണം ഇറക്കുമതി വൈകാനാണ് സാധ്യത.
Photo and News Source: Kerala Kaumudi








