നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ പലതവണ പുറത്തുവന്നെങ്കിലും, അന്തിമ തീരുമാനത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇന്നും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇവർ ആരും തന്നെ സ്ഥാനം വിട്ടുനൽകാൻ തയ്യാറായിട്ടില്ല. അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും വിട്ടുനൽകിയിട്ടുണ്ടെങ്കിലും, സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിൽ ഉണ്ടെങ്കിലും, ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം, വി.ഡി. സതീശൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. സമവായ ഫോർമുലയിലൂടെ തീരുമാനമെടുക്കുകയാണെങ്കിൽ തനിക്ക് അവസരം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. ചർച്ചകൾ സോണിയ ഗാന്ധിയുടെ മുന്നിലെത്തുമ്പോൾ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
Photo and News Source: Kairali News









