പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കോവിഡ് കാലഘട്ടത്തിന് സമാനമായ ജാഗ്രതയും നിയന്ത്രണങ്ങളും പാലിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണമെന്നും, സ്വകാര്യ വാഹനങ്ങൾക്ക് പകരം മെട്രോ സൗകര്യങ്ങളും കാർപൂളിംഗ് സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവയ്ക്കാനും, സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കാനും നിർദ്ദേശമുണ്ട്. ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും, ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ, രാജ്യം നേരിട്ടേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മുൻകൂട്ടി കണ്ട് സർക്കാർ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ സർക്കാർ കൂടുതൽ കർശനമായ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Photo and News Source: Kairali News