യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'കോസ്മിക് സാംസൺ'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഒരു ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നാണ് സൂചനകൾ. സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ആകർഷകമായ ലുക്കാണ് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭികേർഷ് വസന്താണ് സഹരചയിതാവ്.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സിബി മാത്യു അലക്സാണ് സംഗീത സംവിധാനം. വിഷ്ണു ഗോവിന്ദാണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബിനോ ടി എബ്രഹാം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സെഡിൻ പോൾ, കെവിൻ പോൾ എന്നിവർ പ്രൊജക്ട് ഡിസൈനർമാരായും പ്രവർത്തിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ ശബരിയാണ്.

Photo and News Source: Kerala Kaumudi Latest