തൊഴിലിടങ്ങളിൽ ജീവനക്കാരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി മെറ്റ രംഗത്ത്. ജീവനക്കാരുടെ എ.ഐ (AI) ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി ‘ടോക്കൺ’ എന്ന സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ജീവനക്കാർ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ, ക്ലിക്ക് ചെയ്യുന്ന ലിങ്കുകൾ, സന്ദർശിക്കുന്ന വെബ്സൈറ്റുകൾ എന്നിവയെല്ലാം കമ്പനിക്ക് തത്സമയം നിരീക്ഷിക്കാൻ സാധിക്കും. ഒരു വാക്കിന്റെ നാല് അക്ഷരങ്ങൾക്ക് തുല്യമാണ് ഒരു ടോക്കൺ. എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിരീക്ഷണമെന്നാണ് മെറ്റ വക്താവ് ട്രേസി ക്ലേട്ടൺ നൽകുന്ന വിശദീകരണം.

ഈ നീക്കത്തിന് പിന്നാലെ, കോർപ്പറേറ്റ് ലാപ്ടോപ്പുകൾ അല്ലാതെ മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് മെറ്റയുടെ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വേർത്ത് പ്രഖ്യാപിച്ചത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജീവനക്കാർ ഇതിനെ കാണുന്നത്. കമ്പനിയുടെ ഈ തീരുമാനങ്ങൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഒരു എൻജിനീയറിങ് മാനേജർ പ്രതികരിച്ചു.

കോടിക്കണക്കിന് ഡോളർ മുടക്കി എ.ഐ സാങ്കേതികവിദ്യ പൂർണമായും നടപ്പിലാക്കാനാണ് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി 78,000 ജീവനക്കാരോട് എ.ഐ ടൂളുകൾ ഉപയോഗിക്കാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. 2022-ൽ ചാറ്റ് ജി.പി.ടി (ChatGPT) പുറത്തിറങ്ങിയതിന് ശേഷമാണ് മെറ്റ ഇത്തരമൊരു വലിയ അഴിച്ചുപണിക്ക് തുടക്കമിട്ടത്. വരാനിരിക്കുന്ന പിരിച്ചുവിടലുകളെക്കുറിച്ചുള്ള ആശങ്കയും ജീവനക്കാർക്കിടയിൽ ശക്തമാണ്.

തൊഴിലിടത്തിലെ ഈ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കാരണം മെറ്റയിൽ ദീർഘകാലം ജോലി ചെയ്യാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് പല ജീവനക്കാരും. ഇതിനകം തന്നെ പലരും മറ്റ് തൊഴിലവസരങ്ങൾ തേടിത്തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ ഭാവി നടപടികൾ ജീവനക്കാരുടെ മനോവീര്യത്തെയും തൊഴിൽ അന്തരീക്ഷത്തെയും എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Photo and News Source: Kairali News