കോഴിക്കോട് തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന മഹാകുംഭാഭിഷേക മഹായജ്ഞത്തിന്റെ ഭാഗമായി ഡോ. എൻ.ജെ. നന്ദിനി അവതരിപ്പിച്ച സംഗീതക്കച്ചേരി ഭക്തർക്ക് ഹൃദ്യമായ അനുഭവമായി. ഹരികേശനല്ലൂർ മുത്തയ്യഭാഗവതരുടെ 'വള്ളി നായകനെ' എന്ന ഷൺമുഖപ്രിയ രാഗത്തിലുള്ള കൃതിയോടെയാണ് കച്ചേരിക്ക് തുടക്കമായത്.

തുടർന്ന് മുത്തുസ്വാമി ദീക്ഷിതരുടെ 'ഹരിഹരപുത്രം' (വസന്തരാഗം), ഹരികേശനല്ലൂർ മുത്തയ്യഭാഗവതരുടെ 'ശരവണഭവ' (പശുപതി പ്രിയരാഗം) എന്നീ കൃതികൾ അതീവ മനോഹരമായി അവർ ആലപിച്ചു. സാവേരി രാഗത്തിലുള്ള 'കരികളഭമുഖം' എന്ന കൃതിയുടെ ആലാപനം ഏറെ ശ്രദ്ധേയമായി. ആലങ്കോട് ഗോകുൽ (വയലിൻ), നൊച്ചൂർ നാഗരാജ് (മൃദംഗം), രോഹിത് പ്രസാദ് (ഘടം) എന്നിവർ പക്കവാദ്യമേകി.

കുംഭാഭിഷേക മഹായജ്ഞത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ അതിരുദ്ര മഹായജ്ഞവും ഗംഗാ ആരതിയും ആരംഭിക്കും. 16 വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകൾ തളിക്കുളത്തിന്റെ കിഴക്കുഭാഗത്ത് സജ്ജീകരിച്ച മണ്ഡപത്തിലാണ് നടക്കുക. വാരാണസിയിൽ നിന്നുള്ള പുരോഹിതരാണ് ഗംഗാ ആരതിക്ക് നേതൃത്വം നൽകുന്നത്.

ഞായറാഴ്ച നടന്ന സഹസ്ര കലശാഭിഷേകത്തിന് ചിറ്റൂർ തെക്കേഗ്രാമം അമ്പിഗുരുക്കൾ മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ ശൃംഗേരി ജഗദ്ഗുരു ശങ്കരാചാര്യ വിധുശേഖര ഭാരതി സ്വാമികൾ ക്ഷേത്രം സന്ദർശിച്ചു. കൂടാതെ ഡോ. രേണു കുറുപ്പ്, അനന്യ, ഐശ്വര്യ, സെമന്തിക എന്നിവരുടെ ഭരതനാട്യവും അരങ്ങേറി.

Photo and News Source: Mathrubhumi