പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞു. ഈ നിർദ്ദേശം ഒട്ടും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന കർശന നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കണമെന്ന അമേരിക്കയുടെ ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നതാണ് നിലവിലെ നയതന്ത്ര പ്രതിസന്ധിക്ക് പ്രധാന കാരണം. ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, തങ്ങൾ കീഴടങ്ങാനോ വിട്ടുവീഴ്ചകൾക്കോ തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ സൈനിക വിന്യാസം ശക്തമാക്കാനാണ് ഇറാന്‍റെ തീരുമാനം. മേഖലയിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ ഇറാൻ സേനാ മേധാവി പരമോന്നത നേതാവിനെ കണ്ട് വിശദീകരിച്ചിട്ടുണ്ട്. ഹോർമൂസ് തുറക്കാനുള്ള ബഹ്റൈൻ-ജിസിസി സംയുക്ത പ്രമേയത്തെ അമേരിക്ക പിന്തുണയ്ക്കുന്നത് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്.
കുവൈത്ത്, യുഎഇ എന്നിവയ്ക്ക് നേരെയും ഖത്തർ തീരത്തോട് ചേർന്ന കപ്പലിന് നേരെയും നേരത്തെ ആക്രമണങ്ങൾ നടന്നിരുന്നു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കനത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നത്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്.
Photo and News Source: Asianet News








