മലയാള സിനിമയിൽ വീണ്ടും ഒരു ഹൊറർ കോമഡി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന 'അമാനുഷികം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. നമോ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ബാലതാരമായി തിളങ്ങിയ ജോമോൻ ജോഷിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. കിരൺ രാജ്, ഡോ. രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി, സോണി അട്ടച്ചാക്കൽ, രാഹുൽ മണർകാട്, മനോജ് മഹാദേവ്, അജിത്ത് ചേർത്തല, രാമകൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കാലങ്ങളായി യക്ഷിയെ തളച്ചിരുന്ന ആണി ആരോ ഊരുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന കോലഹലങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ഹാസ്യരൂപേണ അവതരിപ്പിക്കുന്നത്. സുധീഷ് പെരുമ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ബിൻസീർ ഛായാഗ്രഹണവും റെജൻ രഘു സംഗീതവും നിർവഹിക്കുന്നു. അഖിൽ പൊന്നപ്പനാണ് ഗാനരചന. ആശിഷ് ശിവൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. പി ആർ ഒ ആയി എ എസ് ദിനേശ് പ്രവർത്തിക്കുന്നു.

Photo and News Source: Asianet News