സംവിധായകൻ ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഗാന്ധിനഗർ സൺഡേ മാർക്കറ്റ്' എന്ന് പേരിട്ടു. കൊച്ചിയിലെ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ എം. പത്മകുമാറാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. ഗുരുകൃപാ ഫിലിംസിന്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് ചിത്രം നിർമ്മിക്കുന്നത്. ജോണി ആന്റണിയാണ് നിർമ്മാണ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത്.

തൊണ്ണൂറുകളിൽ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിത്തുടങ്ങിയതും, പിന്നീട് രണ്ടായിരത്തോടെ ബംഗാൾ, ബിഹാർ, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ തൊഴിലാളികൾ കേരളത്തിലേക്ക് കുടിയേറിയതും പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇവരിൽ നാല് സുഹൃത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

ബോളിവുഡ് താരം ബബിൽ ഖാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപർണ്ണ ബാലമുരളി, ആത്മീയ, നിഖിൽ നായർ, സുധീർ കരമന, ജഗദീഷ്, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ജയശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മെയ് 19-ന് ജാർഖണ്ഡിലെ സിലിഗുരിയിൽ ചിത്രീകരണം ആരംഭിക്കും. തുടർന്ന് പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം നടക്കുക.

നന്ദഗോപൻ വി സംഗീതവും, ഫാസിൽ നാസർ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും, റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്നു. സക്കീർ ഹുസൈൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും, ജോൺ കുടിയാൻമല പ്രൊഡക്ഷൻ കൺട്രോളറുമാണ്. പിആർഒ വാഴൂർ ജോസ്.

Photo and News Source: Asianet News