പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത ഉടലെടുക്കുന്നു. പാര്‍ട്ടി ഭരണകാലത്ത് അധികാരത്തിന്റെ തണലില്‍ കഴിഞ്ഞിരുന്ന പല മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ മമത ബാനര്‍ജിക്കും മരുമകന്‍ അഭിഷേക് ബാനര്‍ജിക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ ഐ-പാക് (I-PAC) എന്ന ഏജന്‍സിക്കെതിരെയും ഇവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു.
പാര്‍ട്ടി വക്താവായിരുന്ന റിജു ദത്തയാണ് വിമര്‍ശനങ്ങളുടെ മുന്‍നിരയിലുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കാന്‍ പാര്‍ട്ടി നേതൃത്വം തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടിക്കറ്റ് ലഭിക്കാനായി ഐ-പാക് ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെട്ടതായും, ബംഗാളിന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പുറത്തുനിന്നുള്ളവരെ വിശ്വസിച്ച് പാര്‍ട്ടിയെ ഏല്‍പ്പിച്ച മമതയുടെ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.
പാപിയ ഘോഷ്, കോഹിനൂര്‍ മജുംദാര്‍, കൃഷ്ണേന്ദു നാരായണ്‍ ചൗധരി, കാര്‍തിക് ഘോഷ് എന്നിവരും നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തടയാന്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും, മമതയെയും മരുമകനെയും ചുറ്റിപ്പറ്റിയുള്ള അധികാര കേന്ദ്രങ്ങളാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങളുടെ പഴയകാല ചെയ്തികളുടെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമോ എന്ന ഭയവും വിമര്‍ശനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ഈ സാഹചര്യത്തില്‍, അച്ചടക്കലംഘനം ആരോപിച്ച് റിജു ദത്തയെ പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടാതെ, വിമര്‍ശനം ഉന്നയിച്ച അഞ്ച് നേതാക്കള്‍ക്ക് ഡെറക് ഒബ്രിയെന്‍ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. ഇഡി കേസുകളുമായി ബന്ധപ്പെട്ട് മമത ബാനര്‍ജി അറസ്റ്റിലായേക്കുമെന്ന അഭ്യൂഹങ്ങളും ബംഗാള്‍ രാഷ്ട്രീയത്തില്‍ ശക്തമായി തുടരുകയാണ്.
Photo and News Source: Janmabhumi








