ഇറാൻ പിന്തുണയ്ക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ബന്ധമുള്ള ഭീകര സെല്ലിനെ കണ്ടെത്തിയ ബഹ്‌റൈൻ സുരക്ഷാ സേനയുടെ നടപടിയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അഭിനന്ദിച്ചു. 'വിലായത്ത് അൽ ഫഖീഹ്' പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ഈ സംഘം ചാരവൃത്തിയിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് സുരക്ഷാ ഏജൻസികൾ നടത്തിയ ഈ നീക്കം രാജ്യത്തിന്റെ സുരക്ഷാ ജാഗ്രതയുടെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളിലും ബഹ്‌റൈൻ സുരക്ഷാ സേന കാണിക്കുന്ന പ്രൊഫഷണലിസത്തെ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ നടത്തുന്ന ഇത്തരം ഇടപെടലുകൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറുകളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഡോ. അൽ സയാനി കുറ്റപ്പെടുത്തി. ജിസിസി രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ശത്രുതാപരമായ പ്രവൃത്തികളെ ബഹ്‌റൈൻ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര വേദികളിൽ നയതന്ത്രപരമായ നീക്കങ്ങൾക്കൊപ്പം, രാജ്യത്തിന്റെ പ്രതിരോധ സേനയും സുരക്ഷാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നത് പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഭീഷണിയാകുന്ന ഒരു നീക്കത്തോടും സഹിഷ്ണുത കാണിക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. നീതിയുടെയും അന്താരാഷ്ട്ര നിയമസാധുതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബഹ്‌റൈന്റെ വിദേശനയം തുടരുമെന്നും, ജനങ്ങളുടെ ഐക്യവും സുരക്ഷാ സ്ഥാപനങ്ങളുടെ ജാഗ്രതയും രാജ്യത്തെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Photo and News Source: Mathrubhumi