കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിന്റെ ചർച്ചകളെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും, ജനാധിപത്യപരമായ ചർച്ചകളിലൂടെയാണ് പാർട്ടി തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം വസതിയുള്ള ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിക്ക് 50 ദിവസം വേണ്ടിവന്ന ചരിത്രം ഓർക്കണമെന്ന് ചെന്നിത്തല പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം തികയുന്നതിന് മുൻപേ കോൺഗ്രസിനെ വിമർശിക്കാൻ മോദി കാണിച്ച തിടുക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയും അമിത് ഷായും മാത്രം തീരുമാനങ്ങൾ എടുക്കുന്ന രീതി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ഉന്നത നേതൃത്വവും കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചേർന്ന് ഹൈക്കമാൻഡുമായി വിശദമായ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ചെന്നിത്തല അറിയിച്ചു. എംഎൽഎമാരുടെ അഭിപ്രായങ്ങൾ നിരീക്ഷകർ തേടിക്കഴിഞ്ഞു. ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ എന്ന തരത്തിൽ മോദി നടത്തിയ പരിഹാസത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Photo and News Source: Suprabhaatham










