കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45-ഓടെയാണ് സംഭവം നടന്നത്. കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന 'അജ്ഫാൻ' ബസും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ടാങ്കർ ലോറി ഡ്രൈവറെയും ബസിലുണ്ടായിരുന്ന ഒരു സ്ത്രീയെയും നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മാനസ (62), നജ (21), അതുല്യ (25), പ്രകാശൻ (55), അജിത്ത് (22), നിഖിൽ (18), പത്മിനി (65), ആതിര (28), സുനില (46), ഗീത (49), സുജിത (43), സജിത (44), ചന്ദ്രൻ (64) എന്നിവരടക്കം 22 പേർക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിക്കുന്നു. മുഖത്ത് പരിക്കേറ്റ ഇയാൾ പിന്നീട് ചികിത്സ തേടിയതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Photo and News Source: Suprabhaatham










