പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി രംഗത്ത്. തന്നെ നിയമവിരുദ്ധമായാണ് പരാജയപ്പെടുത്തിയതെന്നും, ഇതിന്റെ സത്യാവസ്ഥ വൈകാതെ പുറത്തുവരുമെന്നും അവർ അവകാശപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും, തന്റെ സുരക്ഷാ സംവിധാനങ്ങൾ ബിജെപി പിൻവലിച്ചുവെന്നും മമത ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത തയ്യാറാകാതിരുന്നത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ തന്റെ പ്രൊഫൈലിൽ '15-ാംമത്തെയും 16-ാംമത്തെയും 17-ാംമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രി' എന്ന് തിരുത്തിയത് തിരഞ്ഞെടുപ്പ് ഫലത്തോടുള്ള വിയോജിപ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ മമത ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ജനാധിപത്യ സ്ഥാപനങ്ങൾ പക്ഷം പിടിച്ചാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കണമെന്നും ശക്തമായ പ്രതിപക്ഷമായി തൃണമൂൽ മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഭയമില്ലാത്തവരും ജന്മനാടിനെ സ്നേഹിക്കുന്നവരും സ്വാഭാവികമായും ഒന്നിക്കും. അതിന് ആരോടും അഭ്യർത്ഥിക്കേണ്ട കാര്യമില്ല. ഞാൻ അധികാരത്തിൽ ഇരുന്നപ്പോൾ ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇന്ന് എന്റെ പ്രവർത്തകർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്," അഭിഷേക് ബാനർജി പറഞ്ഞു.

അതേസമയം, ബംഗാളിലെ വിജയം ദേശീയതലത്തിൽ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. രാജ്യമെമ്പാടുമുള്ള പ്രവർത്തകരുടെ ആവേശം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ ബിജെപി നേതൃത്വം ആസൂത്രണം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയം കൂടുതൽ കലുഷിതമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Photo and News Source: Suprabhaatham