തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് 29-ാം വയസ്സിൽ മന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ് കീർത്തന സമ്പത്ത്. തമിഴക വെട്രി കഴകം (TVK) ടിക്കറ്റിൽ ശിവകാശി മണ്ഡലത്തിൽ നിന്ന് വിജയിച്ച കീർത്തന, തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് ഡാറ്റാ അനലിസ്റ്റായും രാഷ്ട്രീയ ഉപദേഷ്ടാവായും പ്രവർത്തിച്ച പരിചയം ഇവർക്കുണ്ട്. ടിവികെയുടെ സംഘടനാപരമായ പ്രവർത്തനങ്ങളിലും യുവജനങ്ങളെ ആകർഷിക്കുന്നതിലും കീർത്തന നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

കീർത്തനയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഹിന്ദി ഭാഷാ വിഷയത്തിൽ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പ്രശംസിച്ചതും ശ്രദ്ധേയമാണ്. പാചകവാതക വില വർദ്ധനവ് പോലുള്ള വിഷയങ്ങളിൽ മോദി സർക്കാരിനെ പ്രതിരോധിച്ചുകൊണ്ട് അവർ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വന്തം കഴിവുകേടുകൾ മറയ്ക്കാൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നായിരുന്നു സ്റ്റാലിൻ സർക്കാരിനെതിരെയുള്ള കീർത്തനയുടെ വിമർശനം.

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിന് പിന്നിൽ കീർത്തനയുടെ ഇടപെടലുകൾ ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരുമായി നല്ല ബന്ധം പുലർത്താനാണ് വിജയ് സർക്കാരിന്റെ നീക്കമെന്ന വിലയിരുത്തലുകൾക്കിടയിൽ, കീർത്തനയുടെ സാന്നിധ്യം രാഷ്ട്രീയ നിരീക്ഷകർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ കീർത്തന, തന്റെ പ്രായോഗിക രാഷ്ട്രീയ ബോധം കൊണ്ട് തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു ശൈലി രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്.

Photo and News Source: Janmabhumi