സൂര്യ ആരാധകർ ഏറെ നാളായി കാത്തിരുന്ന 'കറുപ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു മാസ് എന്റർടൈനറായിരിക്കും ഈ ചിത്രമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. കേരളത്തിലെ തിയേറ്ററുകളിലേക്കുള്ള അഡ്വാൻസ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കും.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരുവരും തങ്ങളുടെ പതിവ് ശൈലികളിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഐ എം പി ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ കേരള പ്രീ-റിലീസ് ഇവന്റ് മെയ് 12-ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സൂര്യയും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരും ഈ പരിപാടിയിൽ പങ്കെടുക്കും. പി ആർ ഓ പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി ആർ ആൻഡ് പ്രൊമോഷൻസ് നിർവഹിക്കുന്നത്.
Photo and News Source: Mathrubhumi









