ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. 204 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ, 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. യുവതാരം ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമായത്.
വെറും 23 പന്തുകളിൽ നിന്ന് 65 റൺസാണ് ഉർവിൽ അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന നേട്ടത്തിനൊപ്പമെത്തിയ താരം, 13 പന്തുകളിൽ നിന്നാണ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. എട്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഉർവിന്റെ ഇന്നിംഗ്‌സ്. ഈ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ചെന്നൈ കുതിപ്പ് തുടരുകയാണ്.
ചെന്നൈയ്ക്കായി ഓപ്പണർമാരായ സഞ്ജു സാംസൺ 28 റൺസും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് 42 റൺസും നേടി മികച്ച തുടക്കം നൽകി. പിന്നീട് ക്രീസിലെത്തിയ ഉർവിൽ കളം നിറഞ്ഞാടിയതോടെ ചെന്നൈ വിജയത്തിലേക്ക് അനായാസം നീങ്ങി. ശിവം ദൂബെ (15*), പ്രശാന്ത് വീർ (18*) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. ലക്‌നൗവിനായി ദിഗ്‌വേഷ് രാത്തിയും ഷാബാസ് അഹമ്മദും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. ഓസ്‌ട്രേലിയൻ താരം ജോഷ് ഇംഗ്ലിസ് 33 പന്തിൽ 85 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇംഗ്ലിസിന്റെ ഇന്നിംഗ്‌സ്. എന്നാൽ, മറ്റ് ബാറ്റർമാരിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തത് ലക്‌നൗവിന് തിരിച്ചടിയായി.
Photo and News Source: Kerala Kaumudi Latest










