തമിഴ്നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് ലാൽഗുഡി മണ്ഡലത്തിൽ നിന്നുള്ള എഐഎഡിഎംകെ എംഎൽഎ ലീമ റോസ് മാർട്ടിന്റെ അമ്പരപ്പിക്കുന്ന സ്വത്തുവിവരങ്ങളാണ്. പ്രശസ്ത നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌യുടെ ആസ്തിയെക്കാൾ ഒമ്പത് മടങ്ങ് അധികമാണ് ഇവരുടെ സമ്പാദ്യം എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം വിജയ്‌യുടെ ആകെ ആസ്തി ഏകദേശം 648 കോടി രൂപയാണ്. എന്നാൽ ലീമ റോസ് മാർട്ടിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി 5863 കോടി രൂപയോളം വരും. ഇതിൽ 139 കോടി രൂപയുടെ ജംഗമ വസ്തുക്കളും 910 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും ഉൾപ്പെടുന്നു.

സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലപിടിപ്പുള്ള ആഭരണങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവരുടെ കുടുംബത്തിനുണ്ട്. ലീമ റോസിന്റെ കൈവശം മാത്രം 19,233 ഗ്രാം സ്വർണ്ണവും, 1,31,813 ഗ്രാം വെള്ളിയും, 1,217 കാരറ്റ് വജ്രവും, 32 ഗ്രാം പ്ലാറ്റിനവുമുണ്ട്. കൂടാതെ ഭർത്താവിന്റെയും മകന്റെയും പേരിലും വലിയ അളവിൽ സ്വർണ്ണവും വെള്ളിയും നിക്ഷേപമായുണ്ട്.

'ലോട്ടറി രാജാവ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ ഭാര്യയാണ് ലീമ റോസ്. ലാൽഗുഡി മണ്ഡലത്തിൽ നിന്ന് ടിവികെയുടെ കെ പി കൃഷ്ണനെതിരെ 2,739 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. ആകെ 60,795 വോട്ടുകൾ നേടിയാണ് ലീമ റോസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Photo and News Source: Samakalika Malayalam