മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച 'മഞ്ഞുമ്മൽ ബോയ്സിന്' ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം 'ബാലൻ' ജൂൺ 19-ന് തിയേറ്ററുകളിലെത്തും. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'ജാൻ എ മൻ', 'മഞ്ഞുമ്മൽ ബോയ്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ 'ബാലന്' വലിയ ഹൈപ്പാണ് ലഭിക്കുന്നത്. കൂടാതെ, 'രോമാഞ്ചം', 'ആവേശം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിതു മാധവനും ഈ പ്രോജക്റ്റുമായി സഹകരിക്കുന്നു എന്നത് സിനിമാ പ്രേമികളിൽ വലിയ ആവേശം നിറയ്ക്കുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമാണ്.
ഔദ്യോഗിക റിലീസിന് മുൻപായി, മെയ് 14-ന് കാൻ ഫിലിം ഫെസ്റ്റിവലിലെ മാർക്കറ്റ് സ്‌ക്രീനിങ്ങ് വിഭാഗത്തിൽ 'ബാലന്റെ' വേൾഡ് പ്രീമിയർ നടക്കും. ചിത്രത്തിൽ ടൊവിനോ തോമസ് ഒരു അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറായും ഗണപതി കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിക്കുന്നു.
Photo and News Source: Asianet News









