തമിഴക വെട്രി കഴകം അധ്യക്ഷനും പ്രമുഖ സൂപ്പർതാരവുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഞായറാഴ്ച അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വിജയിന്റെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്.എ. ചന്ദ്രശേഖറും ചടങ്ങിൽ സന്നിഹിതരായിരുന്നു.

എങ്കിലും, വിജയിന്റെ ഭാര്യ സംഗീത സോർണലിംഗം, മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരുടെ അസാന്നിധ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന നേരത്തെയുള്ള റിപ്പോർട്ടുകൾക്കിടയിലാണ് കുടുംബത്തിന്റെ ഈ വിട്ടുനിൽക്കൽ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ, വിജയിന്റെ അടുത്ത സുഹൃത്തും നടിയുമായ തൃഷ കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തതും ചർച്ചയായിട്ടുണ്ട്.

വിജയിന്റെ ജീവിതത്തിലെ ഈ ചരിത്ര മുഹൂർത്തത്തിൽ കുടുംബം ഒപ്പമില്ലാത്തത് ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. 'ഒരു ആരാധകൻ എന്ന നിലയിൽ ഇത് വിഷമമുണ്ടാക്കുന്നു, ഭാര്യ വന്നില്ലെങ്കിലും മക്കളെങ്കിലും ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു' എന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, വിജയിന്റെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കണമെന്നും, ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

2024-ൽ പാർട്ടി പ്രഖ്യാപിച്ച വിജയ്, തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്. സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച വിജയ്, എൻ.ടി.ആറിന് ശേഷം പാർട്ടി രൂപീകരിച്ച് ഇത്രയും വേഗത്തിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ഇതോടെ സ്വന്തമാക്കി.

Photo and News Source: Mathrubhumi