പഞ്ചാബിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന് കനത്ത തിരിച്ചടിയായി കാബിനറ്റ് മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. നൂറ് കോടി രൂപയുടെ കള്ളപ്പണക്കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പിന് ഒമ്പത് മാസം മാത്രം ബാക്കിനിൽക്കെ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്.
ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയാണെന്ന് എഎപി നേതൃത്വം ആരോപിച്ചു. രാഘവ് ഛദ്ദയടക്കമുള്ള പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതിന്റെ ആഘാതം മാറുന്നതിന് മുൻപേയാണ് മന്ത്രിയുടെ അറസ്റ്റ്. ഇന്നലെ പുലർച്ചെ അറോറയുടെ വസതിയടക്കം അഞ്ച് ഇടങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് നടപടി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദില്ലി കേന്ദ്രീകരിച്ച് വ്യാജ കമ്പനികൾ വഴി മൊബൈൽ ഫോണുകളുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് ജിഎസ്ടി തട്ടിപ്പ് നടത്തിയെന്നാണ് പ്രധാന ആരോപണം. ഈ പണം ദുബായ് വഴി ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് വെളുപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അറോറ, ബിജെപിയിലേക്ക് കൂടുമാറുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
ഇഡി ബിജെപിയുടെ കൈയിലെ ഉപകരണമായി മാറിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു. ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി ആരോപിക്കുന്നു. അറസ്റ്റിനെതിരെ ദില്ലിയിലടക്കം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്.
Photo and News Source: Asianet News










