കോഴിക്കോട് രാമനാട്ടുകര എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സ് ഔട്ട്‌ലെറ്റിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കടയിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപ വിലമതിക്കുന്ന പെയിന്റ് സാമഗ്രികളും ഒൻപതര ലക്ഷത്തോളം രൂപയുടെ കറൻസികളും പൂർണ്ണമായും കത്തിനശിച്ചു.

ഞായറാഴ്ചയായതിനാൽ രാവിലെ ഒരു മണിക്കൂർ മാത്രമാണ് കട പ്രവർത്തിച്ചത്. കടയുടമ പൂട്ടി വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ കടകളിലെ ജീവനക്കാരാണ് തീ ഉയരുന്നത് കണ്ട് ഉടമയെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയർ എൻജിനുകൾ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ബാങ്ക് അവധിയായതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വരുമാനം കടയിൽ സൂക്ഷിച്ചിരുന്നതാണ് പണം നഷ്ടപ്പെടാൻ കാരണമായതെന്ന് ഉടമ വ്യക്തമാക്കി. കടയുടെ ഡിസ്‌പ്ലേയിൽ വെച്ചിരുന്ന ഏതാനും ടിന്നുകൾ ഒഴികെ ബാക്കി എല്ലാ സാധനങ്ങളും അഗ്നിക്കിരയായി. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത്.

Photo and News Source: Mathrubhumi