ചെന്നൈ സൂപ്പർ കിംഗ്‌സിനായി തകർപ്പൻ പ്രകടനവുമായി ഉർവിൽ പട്ടേൽ. ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ വെറും 13 പന്തുകളിൽ അർധസെഞ്ചുറി തികച്ചാണ് ഉർവിൽ ഐപിഎൽ ചരിത്രത്തിലെ റെക്കോർഡിനൊപ്പമെത്തിയത്. യശസ്വി ജയ്‌സ്വാളിന്റെ പേരിലുള്ള അതിവേഗ അർധസെഞ്ചുറി റെക്കോർഡിനാണ് ഉർവിൽ പട്ടേൽ ഇപ്പോൾ പങ്കാളിയായിരിക്കുന്നത്.
സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉർവിൽ തുടക്കം മുതൽ ആക്രമണോത്സുകമായ ബാറ്റിംഗാണ് കാഴ്ചവെച്ചത്. ആവേശ് ഖാനെതിരെ ഹാട്രിക് സിക്സറുകൾ പായിച്ച താരം, പവർപ്ലേയിൽ ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 9 പന്തിൽ 42 റൺസെന്ന നിലയിലായിരുന്നു ഉർവിൽ. ഒടുവിൽ മുഹമ്മദ് ഷമിയുടെ ഓവറിൽ സിംഗിൾ എടുത്തുകൊണ്ട് 13 പന്തിൽ താരം തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി.
7 സിക്സറുകളും ഒരു ഫോറും ഉൾപ്പെട്ടതായിരുന്നു ഉർവിലിന്റെ അർധസെഞ്ചുറി ഇന്നിംഗ്സ്. പിന്നീട് ഷഹബാസ് അഹമ്മദിനെതിരെയും ആക്രമണം തുടർന്ന താരം ഒടുവിൽ 8 സിക്സറുകളും 2 ഫോറുകളും സഹിതം പുറത്തായി. ഈ പ്രകടനത്തോടെ ഐപിഎൽ ചരിത്രത്തിൽ നേരിട്ട ആദ്യ 10 പന്തുകളിൽ ഏറ്റവും കൂടുതൽ റൺസ് (42 റൺസ്) നേടുന്ന ബാറ്റർ എന്ന റെക്കോർഡും ഉർവിൽ സ്വന്തമാക്കി. എ ബി ഡിവില്ലിയേഴ്സ്, യശസ്വി ജയ്‌സ്വാൾ എന്നിവരുടെ റെക്കോർഡാണ് താരം മറികടന്നത്.
Photo and News Source: Asianet News









