പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം ആം ആദ്മി പാർട്ടി (എ.എ.പി) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. ജലന്ധർ, ഹോഷിയാർപൂർ, ലുധിയാന, മൊഹാലി, ബർണാല തുടങ്ങിയ വിവിധ ജില്ലകളിൽ ബി.ജെ.പി സർക്കാരിന്റെ കോലം കത്തിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധം അരങ്ങേറി.
നൂറു കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശനിയാഴ്ച സഞ്ജീവ് അറോറയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ചണ്ഡീഗഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ഉൾപ്പെടെ നീണ്ട മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമായിരുന്നു ഈ നടപടി. 'ഇ.ഡി-ബി.ജെ.പി സഖ്യം മുർദാബാദ്' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നത്.
ജലന്ധറിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ പഞ്ചാബ് കാബിനറ്റ് മന്ത്രി മൊഹീന്ദർ ഭഗത് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. "എ.എ.പി നേതാക്കളെ മാത്രം ലക്ഷ്യം വെച്ചാണ് ഇ.ഡി റെയ്ഡുകൾ നടക്കുന്നത്. കേന്ദ്ര സർക്കാർ അധികാരം ദുരുപയോഗം ചെയ്യുകയാണ്. പഞ്ചാബികൾ ഇത്തരം കടന്നുകയറ്റങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. പാർട്ടി സഞ്ജീവ് അറോറയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നു," അദ്ദേഹം വ്യക്തമാക്കി. അതേസമയം, സഞ്ജീവ് അറോറ മുൻപ് ഡയറക്ടറായിരുന്ന ഹാംപ്ടൺ സ്കൈ റിയൽറ്റി ലിമിറ്റഡ് നിയമനടപടികളിൽ വിശ്വാസമുണ്ടെന്നും അന്വേഷണ ഏജൻസികളുമായി പൂർണ്ണമായി സഹകരിക്കുമെന്നും അറിയിച്ചു.
തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമെന്ന് ഭയക്കുമ്പോഴാണ് ബി.ജെ.പി അന്വേഷണ ഏജൻസികളെ രംഗത്തിറക്കുന്നതെന്ന് എ.എ.പി ആരോപിച്ചു. പഞ്ചാബ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ വിറളി പൂണ്ടാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നതെന്നും, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് ഇ.ഡിയെയും സി.ബി.ഐയെയും ബി.ജെ.പി ഉപയോഗിക്കുന്നതെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.
Photo and News Source: Sathyam Online










