മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ നിക്ഷേപകര്‍ക്കായി പുതിയൊരു അവസരം ഒരുങ്ങുന്നു. സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (SIF) എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി, കുറഞ്ഞത് 10 ലക്ഷം രൂപ നിക്ഷേപിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ്. പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസ് (PMS), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ (AIF) എന്നിവയ്ക്ക് സമാനമായ രീതിയിലാണ് ഈ പുതിയ പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നത്. നിക്ഷേപകര്‍ക്ക് 10 ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപത്തിന് ശേഷം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (SIP) വഴി 1,000 രൂപ മുതല്‍ അധിക തുകകളും നിക്ഷേപിക്കാവുന്നതാണ്.
സെബിയുടെ മ്യൂച്വല്‍ ഫണ്ട് ചട്ടക്കൂടിന് കീഴിലാണ് ഈ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് രീതികളിലൂടെ എസ്.ഐ.എഫുകള്‍ അവതരിപ്പിക്കാം. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും 10,000 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നതുമായ (AUM) മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇതിനായി അപേക്ഷിക്കാം. പുതിയ എ.എം.സി.കള്‍ക്ക് ഈ പദ്ധതി തുടങ്ങണമെങ്കില്‍, 10 വര്‍ഷത്തെ നിക്ഷേപ പരിചയമുള്ള ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും, 500 കോടി രൂപയുടെ എ.യു.എം കൈകാര്യം ചെയ്ത പരിചയമുള്ള ഫണ്ട് മാനേജരും ഉണ്ടായിരിക്കണം.
ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ നിക്ഷേപ തന്ത്രങ്ങള്‍ എസ്.ഐ.എഫുകള്‍ക്ക് സ്വീകരിക്കാം. ഡെറിവേറ്റീവുകള്‍ ഉപയോഗിച്ച് വിപണിയിലെ അപകടസാധ്യതകളെ മറികടക്കാനും (Hedge) ഈ പദ്ധതി സഹായിക്കുന്നു. കോള്‍ ഓപ്ഷനുകളും പുട്ട് ഓപ്ഷനുകളും ഉപയോഗിച്ച് ഓഹരി വിലയിലെ വ്യതിയാനങ്ങളില്‍ നിന്ന് നിക്ഷേപത്തെ സംരക്ഷിക്കാന്‍ സാധിക്കും. ഒരു നിശ്ചിത തീയതിക്കുള്ളില്‍ ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള അവകാശം നല്‍കുന്നതിലൂടെ, വിപണിയിലെ ഇടിവില്‍ നിന്നും നേട്ടമുണ്ടാക്കാനും നിക്ഷേപകന് അവസരം ലഭിക്കുന്നു.
ഹെഡ്ജ് ഫണ്ട് പോലുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ തുകകള്‍ വിവിധ അസറ്റ് ക്ലാസുകളില്‍ വിന്യസിക്കാന്‍ എസ്.ഐ.എഫുകള്‍ അവസരമൊരുക്കുന്നു. ഒരു സെക്യൂരിറ്റിയില്‍ പരമാവധി 15 ശതമാനം വരെ നിക്ഷേപം നടത്താന്‍ ഈ പദ്ധതിയില്‍ അനുവാദമുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിച്ച് മികച്ച ആദായം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
Photo and News Source: Dhanam










