അമേരിക്കയിലെ മയാമിയിൽ ഹൗലോവർ സാൻഡ്ബാറിന് സമീപം ബിസ്കെയ്ൻ ഉൾക്കടലിൽ വെച്ച് ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മയാമി സമയം ഉച്ചയ്ക്ക് 12:48-ഓടെയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ 11 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്. ബോട്ട് പൊട്ടിത്തെറിച്ചതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദൃക്സാക്ഷിയായ പാട്രിക് ലീയുടെ മൊഴിപ്രകാരം, ബോട്ട് കത്തുന്നതിനിടെ മൂന്നുപേർ വെള്ളത്തിലേക്ക് എടുത്തുചാടുന്നത് കണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ബോട്ട് പൂർണ്ണമായും അഗ്നിക്കിരയാവുകയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ജലയാത്ര നടത്തുന്നവർക്ക് അഗ്നിരക്ഷാ സേന കർശന നിർദ്ദേശം നൽകി. ബോട്ടുകളിൽ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റുകൾ കരുതണമെന്നും, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ ബോട്ടുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. തിരക്കേറിയ സമയങ്ങളിൽ ഇത്തരം മുൻകരുതലുകൾ ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്ന് അവർ കൂട്ടിച്ചേർത്തു.
Photo and News Source: Kairali News









