തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ജനക്ഷേമകരമായ സുപ്രധാന തീരുമാനങ്ങളില്‍ ഒപ്പുവെച്ച് വിജയ്. അധികാരമേറ്റ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് അദ്ദേഹം നടത്തിയത്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സേന, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പട്രോളിംഗ് സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങള്‍. 500 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റ വിജയ്, പൊതുഭരണം, ആഭ്യന്തരം, പൊലീസ് എന്നീ സുപ്രധാന വകുപ്പുകളാണ് നേരിട്ട് കൈകാര്യം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ സുതാര്യമായ ഭരണമായിരിക്കും കാഴ്ചവെക്കുകയെന്ന് അദ്ദേഹം ഉറപ്പുനല്‍കി. താന്‍ തെറ്റ് ചെയ്യില്ലെന്നും, തെറ്റ് ചെയ്യുന്നവര്‍ കൂടെയുള്ളവരായാലും വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്നും, പ്രായോഗികമായ കാര്യങ്ങള്‍ മാത്രമേ നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഭരണത്തിന് ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് വിജയ് ഊന്നിപ്പറഞ്ഞു. "കോടിക്കണക്കിന് ജനങ്ങള്‍ എനിക്ക് ഒപ്പം നിന്നാല്‍ എന്തും സാധ്യമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആ ആത്മവിശ്വാസമുണ്ട്," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

Photo and News Source: Sathyam Online