ഇന്ത്യൻ ചെറുകാർ വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യം ഇന്നും തുടരുകയാണ്. എസ്‌യുവികളുടെ തരംഗത്തിനിടയിലും എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ K10 വിപണിയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം 10,856 യൂണിറ്റുകളാണ് ഈ കൊച്ചു കാർ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 94 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരായ കുടുംബങ്ങൾക്കും ഇരുചക്രവാഹനങ്ങളിൽ നിന്ന് കാറിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ആൾട്ടോ K10 മികച്ചൊരു തിരഞ്ഞെടുപ്പാണ്. പോക്കറ്റ് കീറാത്ത വിലയും മികച്ച മൈലേജും കുറഞ്ഞ പരിപാലനച്ചെലവുമാണ് ഈ കാറിനെ ജനപ്രിയമാക്കുന്നത്. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ എത്തുന്ന ഈ വാഹനം 67 bhp പവറും 89 Nm ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിലും ആൾട്ടോ K10 ഇപ്പോൾ ഏറെ മുന്നിലാണ്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 6 എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) മാരുതി നൽകുന്നുണ്ട്. കൂടാതെ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പവർ വിൻഡോകൾ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഇതിലുണ്ട്.
പെട്രോളിന് പുറമെ സിഎൻജി (CNG) പതിപ്പിലും ആൾട്ടോ ലഭ്യമാണ്. പെട്രോൾ വേരിയന്റുകൾ 24.90 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ, സിഎൻജി പതിപ്പ് 33.40 കിലോമീറ്റർ മൈലേജ് വരെ നൽകുന്നു. ബൈക്കുകളെ അപേക്ഷിച്ച് മികച്ച സുരക്ഷയും സൗകര്യവും ആഗ്രഹിക്കുന്നവർക്ക് മഴക്കാലത്തിന് മുൻപായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച എൻട്രി ലെവൽ കാറുകളിൽ ഒന്നാണിത്.
Photo and News Source: DriveSpark










