പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വിജയം പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മണ്ഡലത്തിലെ 217 ബൂത്തുകളിലും സജീവമായ കോൺഗ്രസ് നേതൃത്വത്തിലുള്ള ടീം യുഡിഎഫ് പ്രവർത്തകരുടെ രാപ്പകൽ അധ്വാനമാണ് ഈ ചരിത്ര വിജയം സാധ്യമാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിനെതിരായ ജനവികാരം വോട്ടായി മാറിയപ്പോൾ, യുഡിഎഫിന്റെ ഉറച്ച കോട്ടയായ പാലാ വീണ്ടും സംരക്ഷിക്കപ്പെട്ടു.

പാലായിലെ ഏഴ് പഞ്ചായത്തുകളിലെ കോൺഗ്രസ് നേതൃത്വത്തിന്റെയും ഘടകകക്ഷികളുടെയും ഏകോപിതമായ പ്രവർത്തനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും സ്വാധീനത്തെ അതിജീവിച്ചാണ് ഈ വിജയം കൈവരിച്ചത്. അതേസമയം, മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചതിനെ ഗൗരവമായി കാണുന്നുവെന്നും, മതേതര വോട്ടുകൾ ചോർന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും നേതാക്കൾ അറിയിച്ചു.

പാലാ നഗരസഭയിൽ സ്വതന്ത്രർക്ക് നൽകുന്ന നിരുപാധിക പിന്തുണ വ്യക്തിഹത്യയ്ക്കോ പകപോക്കലിനോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടിക്ക് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകും. പാലായിലെയും കോട്ടയം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെയും വിജയത്തിന് പിന്നിൽ പ്രവർത്തകരുടെ വിയർപ്പാണെന്നും, ഇതിൽ മറ്റാരുടെയും അവകാശവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ബിജു പുന്നന്താനം, പ്രൊഫ. സതീശ് ചൊള്ളാനി, ജോയി സ്കറിയ, സി.ടി. രാജൻ, ആർ. സജീവ്, എൻ. സുരേഷ്, മോളി പീറ്റർ, അഡ്വ. സന്തോഷ് മണർകാട്ട്, ബിന്ദു സെബാസ്റ്റ്യൻ, ജോസ് പ്ലാക്കൂട്ടം, രാജൻ കൊല്ലംപറമ്പിൽ, ആർ. പ്രേംജി, സാബു അബ്രഹാം എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ വോട്ടർമാർക്ക് നന്ദി അറിയിച്ചു.

Photo and News Source: Sathyam Online