2026-ലെ ഫിഫ ലോകകപ്പിൽ തങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഇറാൻ ഔദ്യോഗികമായി രംഗത്തെത്തി. ലോകകപ്പിൽ തങ്ങൾ തീർച്ചയായും പങ്കെടുക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് മുന്നിൽ കർശനമായ പത്ത് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കിയ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും യാതൊരു തടസ്സവുമില്ലാതെ വിസ ലഭ്യമാക്കുക, മത്സരത്തിലുടനീളം ഇറാൻ ദേശീയ പതാകയ്ക്കും ദേശീയ ഗാനത്തിനും അർഹമായ ബഹുമാനം ഉറപ്പാക്കുക, കൂടാതെ താരങ്ങൾക്ക് വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രയിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തുക എന്നിവയാണവ.

നേരത്തെ, നയതന്ത്ര പ്രതിസന്ധികളും കാനഡയിൽ നടന്ന ഫിഫ കോൺഗ്രസിൽ മെഹ്ദി താജിന് പ്രവേശനാനുമതി നിഷേധിച്ചതും ഇറാന്റെ പങ്കാളിത്തത്തെ സംശയത്തിലാക്കിയിരുന്നു. ഐ.ആർ.ജി.സി (IRGC) ബന്ധം ആരോപിച്ചായിരുന്നു കാനഡയുടെ നടപടി. ഇതിൽ പ്രതിഷേധിച്ച് അന്ന് ഇറാനിയൻ സംഘം കോൺഗ്രസ് ബഹിഷ്കരിച്ചിരുന്നു. തങ്ങളുടെ സംസ്കാരത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ചയില്ലാതെ ലോകകപ്പിൽ കളിക്കുമെന്നും, ആതിഥേയ മര്യാദ ലംഘിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇറാൻ താരങ്ങളെ സ്വാഗതം ചെയ്തെങ്കിലും, ഐ.ആർ.ജി.സി ബന്ധമുള്ളവർക്ക് വിലക്ക് തുടരുമെന്ന സൂചന നൽകിയിട്ടുണ്ട്. അതേസമയം, ഇറാൻ ലോകകപ്പിൽ കളിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിൽ ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കൊപ്പമാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്.

Photo and News Source: Suprabhaatham