തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് അധികാരമേറ്റതിന് പിന്നിൽ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്റെ നിർണ്ണായക ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് പാർട്ടി വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി ഒഴിവാക്കാനാണ് സഖ്യകക്ഷികളോട് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) പിന്തുണ നൽകാൻ സ്റ്റാലിൻ നിർദ്ദേശിച്ചത്.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരുന്ന സാഹചര്യത്തിൽ, ടി.വി.കെക്ക് 108 സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ എന്നിവരുടെ പിന്തുണ ലഭിച്ചിട്ടും ഭൂരിപക്ഷം തികയാതെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് വിടുതലൈ ചിരുതൈഗൾ കക്ഷി (വി.സി.കെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) എന്നിവരുടെ പിന്തുണ ഉറപ്പാക്കാൻ സ്റ്റാലിൻ മുൻകൈ എടുത്തത്.
'സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാകാൻ ഞങ്ങളുടെ നേതാവ് എം.കെ. സ്റ്റാലിൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ദീർഘമായ ചർച്ചകൾക്ക് ശേഷം സഖ്യകക്ഷികളെ ടി.വി.കെക്കൊപ്പം നിൽക്കാൻ അദ്ദേഹം പ്രേരിപ്പിച്ചത്,' എന്ന് ശരവണൻ വ്യക്തമാക്കി. ഇതോടെ സഖ്യത്തിന്റെ ശക്തി 120 ആയി ഉയരുകയും വിജയ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
അതേസമയം, ഡി.എം.കെ സഖ്യത്തിൽ നിന്ന് മാറി ടി.വി.കെക്ക് പിന്തുണ നൽകിയ കോൺഗ്രസ് നിലപാടിനെ ശരവണൻ വിമർശിച്ചു. ഡി.എം.കെ കേഡർമാരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള ബി.ജെ.പി നീക്കങ്ങളെ തടയുക എന്ന ലക്ഷ്യം കൂടി ഈ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
Photo and News Source: Suprabhaatham









