കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ തൃശൂർ ചാവക്കാട് തൊഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഹംസത്ത് (49) പോലീസ് ജീപ്പുമായി കടന്നുകളഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നേകാലോടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ മൊബൈൽ ഫോൺ കാണാതായെന്ന് പരാതിപ്പെടാനാണ് ഇയാൾ ആദ്യം ടൗൺ പോലീസ് സ്റ്റേഷനിലെത്തിയത്. അമിതമായി മദ്യപിച്ചിരുന്ന ഇയാളോട് തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു.
സൈബർ പോലീസ് സ്റ്റേഷനിലെത്തിയ ഹംസത്ത്, ഓഫീസ് അടച്ചിട്ടിരിക്കുന്നത് കണ്ട് അധികൃതരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, താക്കോൽ വെച്ചിരുന്ന പോലീസ് ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നുകളയുകയായിരുന്നു. മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലെത്തിയ പ്രതി, ഇന്ധനം നിറച്ച ശേഷം ബിൽ തുക പോലീസിന്റെ അക്കൗണ്ടിൽ ചേർത്താൽ മതിയെന്ന് ജീവനക്കാരോട് പറഞ്ഞു.
തുടർന്ന് ശ്രീനാരായണ പാർക്കിന് സമീപത്തെ തട്ടുകടയിലെത്തിയ ഇയാൾ അസ്വാഭാവികമായി പെരുമാറുകയും ബഹളം വെക്കുകയും ചെയ്തു. ഇയാളുടെ സംശയാസ്പദമായ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ തട്ടുകടക്കാർ ഉടൻ തന്നെ ജീപ്പിന്റെ താക്കോൽ ഊരിവാങ്ങുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Photo and News Source: Siraj Live










