പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി രംഗത്ത്. തന്നെ നിയമവിരുദ്ധമായാണ് പരാജയപ്പെടുത്തിയതെന്നും, ഇതിന്റെ സത്യാവസ്ഥ വൈകാതെ പുറത്തുവരുമെന്നും മമത അവകാശപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും, തന്റെ സുരക്ഷാ സംവിധാനങ്ങൾ ബിജെപി പിൻവലിച്ചുവെന്നും അവർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത തയ്യാറായിരുന്നില്ല എന്നത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ തന്റെ പ്രൊഫൈലിൽ '15-ാംമത്തെയും 16-ാംമത്തെയും 17-ാംമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രി' എന്ന് തിരുത്തിയത് തിരഞ്ഞെടുപ്പ് ഫലത്തോടുള്ള വിയോജിപ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ മമത ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും ബിജെപിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ജനാധിപത്യ സ്ഥാപനങ്ങൾ പക്ഷം പിടിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ഭയമില്ലാത്തവരും ജന്മനാടിനെ സ്നേഹിക്കുന്നവരും സ്വാഭാവികമായും ഒന്നിക്കും. ഞാൻ അധികാരത്തിൽ ഇരുന്നപ്പോൾ ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇന്ന് എന്റെ പ്രവർത്തകർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്," എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി തൃണമൂൽ കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബംഗാളിലെ വിജയം ദേശീയതലത്തിൽ വലിയ ആഘോഷമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. രാജ്യമെമ്പാടുമുള്ള പ്രവർത്തകരുടെ ആവേശം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Photo and News Source: Suprabhaatham