ബലിപെരുന്നാൾ അവധി പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ 45 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായി ട്രാവൽ രംഗത്തെ വിദഗ്ധർ അറിയിച്ചു. പെരുന്നാൾ അവധിയും ഹജ്ജ് സീസണും ഒരേസമയം എത്തിയതും, അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും, സീറ്റുകളുടെ ലഭ്യത കുറഞ്ഞതുമാണ് നിരക്ക് കുത്തനെ ഉയരാൻ കാരണമായത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സഊദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. ഇതിനുപുറമെ ഇന്ത്യൻ സെക്ടറിലേക്കും കെയ്‌റോ, അമ്മാൻ എന്നിവിടങ്ങളിലേക്കും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് മിക്കയിടങ്ങളിലേക്കും 25 മുതൽ 45 ശതമാനം വരെ നിരക്ക് വർധനയുണ്ട്. ചില സെക്ടറുകളിൽ ശരാശരി നിരക്ക് 3,500 ദിർഹം വരെ എത്തിയിട്ടുണ്ട്.

യാത്രാ ഡിമാൻഡ് വർധിച്ചെങ്കിലും വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകാത്തതും നിരക്ക് കൂടാൻ കാരണമായിട്ടുണ്ട്. ഇത്തവണ കൂടുതൽ ദിവസത്തെ അവധി ലഭിക്കുന്നത് പ്രവാസികളെയും താമസക്കാരെയും നാട്ടിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. ഹജ്ജ് തീർഥാടകരും അവധിക്കാല യാത്രക്കാരും ഒരേ സമയം വിമാനങ്ങളെ ആശ്രയിക്കുന്നത് വിമാനക്കമ്പനികൾക്ക് വലിയ സമ്മർദമുണ്ടാക്കുന്നു.

വിമാനങ്ങളുടെ ലഭ്യത കുറവായതിനാൽ പെരുന്നാൾ അവധി തീരുന്നത് വരെ ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസികൾ വിലയിരുത്തുന്നു. അതിനാൽ യാത്രക്കാർ നേരത്തെ തന്നെ പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദേശിക്കുന്നു.

Photo and News Source: Siraj Live