സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. 14-ാം തീയതി വരെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് മഴ ശക്തമാകാൻ കാരണം. മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കൂടാതെ, കർണാടക മുതൽ തമിഴ്‌നാട് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.
മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Photo and News Source: Kairali News









