പെട്രോൾ വിലക്കയറ്റം മൂലം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ തീരുമാനം. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് മോട്ടോർസൈക്കിളായ F77 മാക് 2-ന്റെ വില കമ്പനി വർധിപ്പിച്ചു. ഇതോടെ ഈ പ്രീമിയം ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾ കൂടുതൽ തുക മുടക്കേണ്ടി വരും.

പുതിയ നിരക്കുകൾ പ്രകാരം, F77 മാക് 2 ഒറിജിനൽ വേരിയന്റിന് 10,000 രൂപയും, റീകോൺ ട്രിമ്മിന് 25,000 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒറിജിനൽ വേരിയന്റിന്റെ എക്സ്ഷോറൂം വില 3.09 ലക്ഷം രൂപയിൽ തുടങ്ങുമ്പോൾ, റീകോൺ വേരിയന്റിന് 4.24 ലക്ഷം രൂപ നൽകണം. റെഡ്, യെല്ലോ, ഗ്രേ, സിൽവർ, ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ ആറ് ആകർഷകമായ നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാണ്.

സാങ്കേതികമായി മികച്ച പ്രകടനമാണ് ഈ ബൈക്കുകൾ കാഴ്ചവെക്കുന്നത്. 7.1 kWh ബാറ്ററി പായ്ക്കുള്ള ഒറിജിനൽ വേരിയന്റ് 211 കിലോമീറ്റർ റേഞ്ചും, 10.3 kWh ബാറ്ററി പായ്ക്കുള്ള റീകോൺ വേരിയന്റ് 323 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. റീകോൺ പതിപ്പിന് 155 കിലോമീറ്റർ ടോപ് സ്പീഡും 7.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുമുണ്ട്.

രണ്ട് വേരിയന്റുകളിലും സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, TFT ഡിസ്പ്ലേ, നാവിഗേഷൻ, OTA അപ്‌ഡേറ്റുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡ്യുവൽ-ചാനൽ എബിഎസും, മികച്ച യാത്രാസുഖത്തിനായി USD ഫോർക്ക്, പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്ക് സസ്പെൻഷനും നൽകിയിരിക്കുന്നു. റീകോൺ പതിപ്പിന് 10 ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ് സൗകര്യവും ലഭ്യമാണ്.

Photo and News Source: DriveSpark