മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും ആകാശവാണിയുടെ റേഡിയോ നാടകങ്ങളിലൂടെ ശ്രോതാക്കൾക്ക് മുന്നിലെത്തുന്നു. ആകാശവാണിയുടെ 'അഖില കേരള റേഡിയോ നാടകോത്സവ'ത്തിന്റെ ഭാഗമായി രണ്ട് വ്യത്യസ്ത നാടകങ്ങൾക്കാണ് അദ്ദേഹം ശബ്ദം നൽകിയിരിക്കുന്നത്. 'ദൈവത്തിന്റെ മനമാരു കണ്ടു', 'കടങ്കഥയിലെ വിരുന്നുകാരൻ' എന്നീ നാടകങ്ങളിലൂടെ മോഹൻലാലിന്റെ ശബ്ദസാന്നിധ്യം റേഡിയോ പ്രേമികൾക്ക് പുത്തൻ അനുഭവമായി മാറും.

തിരുവനന്തപുരം നിലയം നിർമിച്ച 'ദൈവത്തിന്റെ മനമാരു കണ്ടു' എന്ന നാടകം മെയ് 11-ന് രാത്രി 9.30-ന് പ്രക്ഷേപണം ചെയ്യും. ജയരാജ് മിത്ര രചന നിർവഹിച്ച ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് റൂബി ബാബു ആണ്. എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, സന്ധ്യ രാജേന്ദ്രൻ, നന്ദു, സാജൻ സൂര്യ തുടങ്ങി പ്രമുഖ താരനിര തന്നെ ഈ നാടകത്തിൽ മോഹൻലാലിനൊപ്പം അണിനിരക്കുന്നുണ്ട്.

കൊച്ചി നിലയം നിർമിക്കുന്ന 'കടങ്കഥയിലെ വിരുന്നുകാരൻ' എന്ന നാടകം മെയ് 17-ന് രാത്രി 9.30-ന് പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുനഃപ്രക്ഷേപണം മെയ് 18-ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉണ്ടായിരിക്കും. മുഹമ്മദ് റോഷൻ രചന നിർവഹിച്ച ഈ നാടകം എം.വി. ശശികുമാറും എൻ.എസ്. ജയമോഹനും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഈ നാടകത്തിൽ മോഹൻലാൽ ഏക പുരുഷ കഥാപാത്രമായി ശബ്ദം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. മാലാ പാർവതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മുൻപ് 'ജീവനുള്ള പ്രതിമകൾ', 'കത്തുകൾ കഥ പറയുന്നു' എന്നീ റേഡിയോ നാടകങ്ങളിലും മോഹൻലാൽ തന്റെ ശബ്ദസാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Photo and News Source: Samakalika Malayalam