കുട്ടിക്കാലം മുതൽ നാം കേട്ടുശീലിച്ച ‘ജോണി ജോണി എസ് പപ്പ’, ‘റെയിൻ റെയിൻ ഗോ എവേ’ തുടങ്ങിയ നഴ്സറി റൈമുകൾക്കെതിരെ വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. ഈ വരികൾ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും രാജ്യവിരുദ്ധമാണെന്നുമാണ് മന്ത്രിയുടെ വാദം.

മഴയോട് തിരിച്ചുപോകാൻ ആവശ്യപ്പെടുന്നത് കുട്ടികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കൂടാതെ, ‘ജോണി ജോണി എസ് പപ്പ’ എന്ന കവിത കുട്ടികളെ കള്ളം പറയാൻ പ്രേരിപ്പിക്കുന്നുവെന്നും മന്ത്രി ആരോപിക്കുന്നു. ലക്നൗവിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.

ഈ റൈമുകൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഗൗരവകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട മന്ത്രി ഇത്തരത്തിലുള്ള അശാസ്ത്രീയമായ വാദങ്ങൾ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.

Photo and News Source: Kairali News