തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി ടിവികെ (TVK) മേധാവി ചന്ദ്രശേഖർ ജോസഫ് വിജയ് ഇന്ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ലോക് ഭവൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മെയ് 13-ന് മുമ്പായി പുതിയ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നടത്തും.
തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കിയാണ് ടിവികെ ചരിത്രവിജയം കുറിച്ചത്. നിലവിൽ 120 എംഎൽഎമാരുടെ പിന്തുണ വിജയ്‌ക്കുണ്ട്. ശനിയാഴ്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ച വിജയ്, 121 എംഎൽഎമാരുടെ പിന്തുണക്കത്ത് സമർപ്പിച്ചിരുന്നു. ടിവികെയുടെ 108 അംഗങ്ങൾക്ക് പുറമെ കോൺഗ്രസ് (5), സിപിഐ (2), സിപിഐഎം (2), വിസികെ (2), ഐയുഎംഎൽ (2) എന്നീ കക്ഷികളുടെ പിന്തുണയും വിജയ്‌ക്കുണ്ട്.
1967-ന് ശേഷം ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാർട്ടികൾക്ക് പുറത്തുനിന്ന് തമിഴ്‌നാട് ഭരണം നയിക്കുന്ന ആദ്യ നേതാവെന്ന നേട്ടം ഇതോടെ വിജയ് സ്വന്തമാക്കും. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി സ്വയം ഉയർത്തിക്കാട്ടിയാണ് വിജയ് ഈ വിജയം കൈവരിച്ചത്. മകന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് പ്രതികരിച്ച വിജയ്‌യുടെ അമ്മ ശോഭ, "മാതൃദിനത്തിൽ എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു, ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്," എന്ന് വ്യക്തമാക്കി.
Photo and News Source: Janmabhumi










