പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ യഥാർത്ഥ മാതൃകയാണ് ബി.എസ്. യെദിയൂരപ്പയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷമായ 'ബി.എസ്.വൈ അഭിമാനോത്സവ'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ട് നീണ്ട യെദിയൂരപ്പയുടെ രാഷ്ട്രീയ യാത്രയെ അമിത് ഷാ പ്രത്യേകം പ്രശംസിച്ചു.
പോരാട്ടങ്ങളിലൂടെയും വ്യക്തമായ പ്രത്യയശാസ്ത്രത്തിലൂടെയും പൊതുസേവനത്തോടുള്ള അർപ്പണബോധത്തിലൂടെയും സ്വന്തം പാത വെട്ടിത്തുറന്ന നേതാവാണ് യെദിയൂരപ്പയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രദുർഗയിൽ സംഘടിപ്പിച്ച ചടങ്ങിൽ, രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് യെദിയൂരപ്പയുടെ ജീവിതം വലിയൊരു പ്രചോദനമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചടങ്ങിൽ വെച്ച് യെദിയൂരപ്പയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'കെന്ദവരെ-കമല അരളിദ കഥെ', 'സദാന ശിക്കാരി-യെദിയൂരപ്പനവര ഗുഡുഗിന നുഡിഗലു' എന്നീ രണ്ട് പുസ്തകങ്ങൾ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. മുൻ മന്ത്രി സി.ടി. രവി യെദിയൂരപ്പയുടെ അമ്പത് വർഷത്തെ പൊതുജീവിതത്തിന്റെ നാഴികക്കല്ലുകൾ വിശദീകരിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Photo and News Source: Janmabhumi










