നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം വിലയിരുത്തുന്നതിനും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഞായറാഴ്ചയും തിങ്കളാഴ്ചയും ഡൽഹിയിൽ ചേരും. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നിലെ കാരണങ്ങൾ വിശദമായി പരിശോധിക്കാനും സംഘടനാപരമായ വീഴ്ചകൾ തിരുത്തി പാർട്ടിക്ക് കരുത്ത് പകരാനുമുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.

തുടർന്ന് ഈ മാസം 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിലും പൊളിറ്റ്ബ്യൂറോയിൽ ധാരണയുണ്ടാകുമെന്നാണ് സൂചന. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായത്തിനാണ് സംസ്ഥാനത്ത് മുൻതൂക്കം ലഭിക്കുന്നത്.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ രാഷ്ട്രീയമായി മുതലെടുക്കാൻ പിണറായി വിജയന്റെ പരിചയസമ്പത്ത് അനിവാര്യമാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. അതേസമയം, പാർട്ടിയിൽ പുതിയൊരു മുഖം വരണമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വത്തിലെ ചിലർക്കുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കേന്ദ്രകമ്മിറ്റിയംഗം കെ.എൻ. ബാലഗോപാലിന്റെ പേര് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.

പാർലമെന്ററി വ്യാമോഹം പാർട്ടിയിൽ വലതുപക്ഷ വ്യതിയാനത്തിന് കാരണമായെന്നും ഇത് സംഘടനാപരമായ തളർച്ചയ്ക്ക് വഴിവെച്ചുവെന്നും പാർട്ടിക്ക് ഉള്ളിൽ തന്നെ വിമർശനങ്ങളുണ്ട്. കണ്ണൂർ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ വിമത സ്ഥാനാർത്ഥികൾ മത്സരിച്ചതും വിജയിച്ചതും പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളുടെ തെളിവായി ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ അഖിലേന്ത്യാ നേതൃത്വം സംഘടനയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Photo and News Source: Samakalika Malayalam