തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് അധികാരത്തിലേക്ക് കുതിക്കുന്ന നടൻ വിജയുടെ 'തമിഴക വെട്രി കഴകം' (TVK) പാർട്ടി, കേരളത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യത്തെ കേരള ഘടകം രൂപീകരിക്കാനുള്ള നടപടികൾക്ക് തുടക്കമായിരിക്കുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശം എന്ന നിലയിൽ വെങ്ങപ്പള്ളിയിലെ യുവാക്കൾക്ക് വിജയുടെ രാഷ്ട്രീയ നിലപാടുകളോട് വലിയ ആഭിമുഖ്യമാണുള്ളത്.
സഫ്വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് ഈ സംരംഭത്തിന് പിന്നിൽ. ഐടി പ്രഫഷനലുകളും കൊമേഴ്‌സ് ബിരുദധാരികളും അടങ്ങുന്ന ഒരു യുവനിരയാണ് ഈ കൂട്ടായ്മയിലുള്ളത് എന്നത് ശ്രദ്ധേയമാണ്. 'മൈ ടിവികെ' എന്ന ഔദ്യോഗിക ആപ്പ് വഴിയാണ് ഇവർ പാർട്ടി ഘടകം രൂപീകരിക്കുന്നതിനായി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. തമിഴ്‌നാട്ടിലെ ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെങ്ങപ്പള്ളി ടൗണിൽ ഇവർ വലിയ ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു.
സാങ്കേതികമായ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സംഘത്തിന്റെ തീരുമാനം. വയനാടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും നിരവധി വിജയ് ആരാധകർ ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിന്റെ മറ്റ് മേഖലകളിൽ നിന്നും കൂടുതൽ ആളുകൾ പാർട്ടിയുമായി സഹകരിക്കുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
Photo and News Source: Samakalika Malayalam










