കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിനിടെ ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതും, അവർ അത് തട്ടിമാറ്റി കൈകൂപ്പി ഒഴിഞ്ഞുമാറിയതും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു.

ഈ വിഷയത്തിൽ ഗായിക ചിന്മയി ശ്രീപദ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ, 'കൺസെന്റ്' അഥവാ സമ്മതം എന്നത് എന്താണെന്ന് ഈ വീഡിയോ എല്ലാവരെയും പഠിപ്പിക്കുന്നുണ്ടെന്ന് ചിന്മയി ചൂണ്ടിക്കാട്ടി. ബിന്ദു കൃഷ്ണ തനിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമായി സൂചന നൽകിയിട്ടും അത് അവഗണിച്ച് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് അവർ പറഞ്ഞു.

സംഭവത്തിന് താഴെ വന്ന കമന്റുകളെക്കുറിച്ചും ചിന്മയി പ്രതികരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ 'ചെരുപ്പൂരി അടിക്കണമായിരുന്നു' എന്ന് അഭിപ്രായപ്പെടുന്നവരോട്, യഥാർത്ഥ ജീവിതത്തിൽ എല്ലായ്പ്പോഴും അത് പ്രായോഗികമല്ലെന്ന് ചിന്മയി ഓർമ്മിപ്പിച്ചു. സ്ത്രീകൾക്ക് നേരെ ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകുമ്പോൾ, അവരോട് എങ്ങനെ മാന്യമായി പെരുമാറണമെന്ന് രാഷ്ട്രീയ പാർട്ടികൾ തന്നെ പ്രവർത്തകരെ പഠിപ്പിക്കണമെന്നും ചിന്മയി കൂട്ടിച്ചേർത്തു.

Photo and News Source: Kairali News