മലയിൻകീഴ്, വിളവൂർക്കൽ പഞ്ചായത്ത് പരിധികളിൽ അനധികൃതമായി വയൽ നികത്താൻ ശ്രമിച്ച രണ്ട് ടിപ്പറുകൾ പോലീസ് പിടികൂടി. വിളവൂർക്കൽ പഞ്ചായത്തിലെ പെരുകാവ് തൈവിളയിൽ കെട്ടിടാവശിഷ്ടങ്ങളുമായി എത്തിയ വാഹനങ്ങളാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. രേഖകളില്ലാതെ മണ്ണും അവശിഷ്ടങ്ങളും എത്തിച്ച് വയൽ നികത്തുന്നുവെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് നടപടി.

വില്ലേജ് ഓഫീസർ രാജേഷിന്റെ നിർദ്ദേശപ്രകാരം മലയിൻകീഴ് പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്. അവധി ദിവസങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സജീവമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തൈവിള മേഖലയിൽ വലിയ തോതിൽ വയൽ നികത്തൽ നടക്കുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.

ഇതിനിടെ, മലയിൻകീഴ് പഞ്ചായത്തിലെ വലിയറത്തല കൃഷ്ണപുരം, അരുവാക്കോട്, പെരുമന വാർഡുകളുടെ അതിർത്തിയിലുള്ള പരപ്പറവിള നെപ്പേക്കോണം ഏലായിലും വയൽ നികത്തൽ വ്യാപകമായി തുടരുകയാണ്. കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുപോകുന്ന നീർച്ചാലുകൾ ഉൾപ്പെടെ നികത്തുന്നത് പ്രദേശത്തെ കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. അനധികൃത നികത്തലിനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Photo and News Source: Kerala Kaumudi