കുമ്പള നഗരത്തിൽ തപാൽ വകുപ്പിന്റെ പുതിയ കെട്ടിട നിർമാണം നാട്ടുകാർക്ക് വലിയ പ്രതിസന്ധിയാകുന്നു. മത്സ്യമാർക്കറ്റിന് സമീപമുള്ള സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി, വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചുവരുന്ന വഴി ചുറ്റുമതിൽ കെട്ടി അടയ്ക്കാൻ അധികൃതർ ശ്രമിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. കെട്ടിടത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ചുറ്റുമതിൽ നിർമിക്കുന്നതെന്നാണ് തപാൽ വകുപ്പിന്റെ വിശദീകരണം.
എന്നാൽ, ഈ വഴി അടയ്ക്കുന്നത് വിദ്യാർഥികൾക്കും വ്യാപാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. സ്കൂൾ മൈതാനത്തേക്കും സ്കൂളിലേക്കും പോകാനും, പഞ്ചായത്ത്-റവന്യൂ ഓഫീസുകൾ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും നാട്ടുകാർ പതിറ്റാണ്ടുകളായി ഈ വഴിയാണ് ആശ്രയിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണം ഇതിനകം മുക്കാൽ ഭാഗത്തോളം പൂർത്തിയായിട്ടുണ്ട്.
വഴി പൂർണമായും കെട്ടിയടയ്ക്കാതെ, പ്രവേശന കവാടം ഉൾപ്പെടുത്തി ചുറ്റുമതിൽ നിർമിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. പൊതുജനങ്ങളുടെ യാത്രാ സൗകര്യം തടസ്സപ്പെടുത്താതെ നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Photo and News Source: Mathrubhumi









