സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന്, 62-കാരനായ ഇന്ത്യൻ വംശജന്റെ അമേരിക്കൻ പൗരത്വം റദ്ദാക്കാനുള്ള നടപടികളുമായി യുഎസ് നീതിന്യായ വകുപ്പ് മുന്നോട്ട് പോകുന്നു. ചിക്കാഗോയിൽ വ്യവസായിയായിരുന്ന ദേബാശിഷ് ഘോഷിനെതിരെയാണ് അധികൃതർ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പൗരത്വ അപേക്ഷയിൽ നിർണ്ണായക വിവരങ്ങൾ മറച്ചുവെച്ചതാണ് ഇദ്ദേഹത്തിന് വിനയായത്.

2012-ൽ അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് മുമ്പും ശേഷവുമായി 2.5 മില്യൺ ഡോളറിന്റെ വയർ ഫ്രോഡ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിമാന അറ്റകുറ്റപ്പണി കേന്ദ്രം നിർമ്മിക്കാനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കുകയും, അത് സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റുകയുമായിരുന്നു ഇദ്ദേഹം ചെയ്തത്. പൗരത്വത്തിനായുള്ള അപേക്ഷ സമർപ്പിച്ചപ്പോഴും അഭിമുഖ വേളയിലും താൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഘോഷ് സത്യവാങ്മൂലം നൽകിയിരുന്നു.

എന്നാൽ, പൗരത്വം ലഭിക്കുന്നതിന് മുൻപ് തന്നെ ഇദ്ദേഹം തട്ടിപ്പുകൾ ആരംഭിച്ചിരുന്നുവെന്നും, ഈ വിവരം ബോധപൂർവ്വം മറച്ചുവെച്ചാണ് പൗരത്വം നേടിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. വ്യാജരേഖകളിലൂടെയോ വിവരങ്ങൾ മറച്ചുവെച്ചോ നേടുന്ന പൗരത്വം റദ്ദാക്കാൻ അമേരിക്കൻ നിയമം അനുവദിക്കുന്നുണ്ട്. പൗരത്വം റദ്ദാക്കപ്പെട്ടാൽ ഇദ്ദേഹത്തിന് അമേരിക്കയിൽ തുടരാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെടുകയും ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്യും.

ട്രംപ് ഭരണകൂടം പൗരത്വ നടപടികളിലെ ക്രമക്കേടുകൾക്കെതിരെ സ്വീകരിക്കുന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. സമാനമായ രീതിയിൽ കൃത്രിമം കാട്ടി പൗരത്വം നേടിയ മറ്റ് 11 പേർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പൗരത്വ പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി തട്ടിപ്പുകാരെ കർശനമായി നേരിടുമെന്ന് ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. ഇത്തരത്തിൽ പൗരത്വം നേടിയവർ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Sathyam Online