മലപ്പുറം ജില്ലയിലെ മാംസ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. ഇറച്ചിക്കാവശ്യമായ കന്നുകാലികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ജില്ലയിൽ മാംസവിലയിൽ ഏകീകരണം കൊണ്ടുവരുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അയൽ ജില്ലകളിൽ മാംസത്തിന് കിലോയ്ക്ക് 400 മുതൽ 500 രൂപ വരെ വില ഈടാക്കുമ്പോൾ, മലപ്പുറത്ത് 320 മുതൽ 340 രൂപ വരെയാണ് നിലവിൽ വിറ്റഴിക്കുന്നത്. മറ്റ് ജില്ലകളിൽ കാണാത്ത തരത്തിലുള്ള അനാവശ്യമായ കിടമത്സരവും അതുമൂലമുണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളും ജില്ലയിലെ മാംസ വ്യാപാരികളെ വലിയ തോതിൽ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, മാംസ വ്യാപാര മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി, ജില്ലാ സെക്രട്ടറി കുരിക്കൾ ശിഹാബ്, മലപ്പുറം യൂണിറ്റ് പ്രസിഡന്റ് പി. അബ്ദുൾ നാസർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Photo and News Source: Kerala Kaumudi








