തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവ്. നടനും രാഷ്ട്രീയ നേതാവുമായ വിജയ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നു. തമിഴക വെട്രി കഴകം (TVK) നേതാവായ വിജയിക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പർ മറികടക്കാൻ സാധിച്ചു. 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ചാണ് അദ്ദേഹം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്.

ഇടതുപക്ഷ പാർട്ടികൾ, വി.സി.കെ (VCK), മുസ്ലിം ലീഗ് എന്നിവർ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായത്. പിന്തുണ ഉറപ്പിച്ചതിന് പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ നേരിൽ കണ്ട് വിജയ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.

ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് ചെന്നൈയിൽ നടക്കുന്നത്. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

Photo and News Source: Sathyam Online