ക്രൂയിസ് കപ്പലിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർ ഹാൻ്റാ വൈറസ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന (WHO) ആഗോളതലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേപ് വെർഡെ തീരത്തെത്തിയ കപ്പലിലെ യാത്രക്കാരാണ് മരണപ്പെട്ടത്. അതിവേഗം പടരാൻ സാധ്യതയുള്ള വൈറസാണിതെങ്കിലും, കോവിഡിനോളം അപകടകാരിയല്ലെന്നും കൃത്യമായ മുൻകരുതലുകളിലൂടെ രോഗവ്യാപനം തടയാനാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എലികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. നിലവിൽ ഭീതിജനകമായ സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കപ്പലിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു. അർജന്റീനയിലെ ഉഷുവയ്യയിൽ നിന്ന് ഏപ്രിൽ ഒന്നിന് യാത്ര തിരിച്ച ഡച്ച് ദമ്പതികളിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവരും മറ്റൊരു ജർമ്മൻ യാത്രക്കാരിയുമാണ് മരണപ്പെട്ടത്. ഇതുവരെ ആകെ അഞ്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ വൈറസിന്റെ ഇൻക്യുബേഷൻ പിരീഡ് ആറ് ആഴ്ചയായി കണക്കാക്കുന്നു. രോഗബാധിതയായ ഡച്ച് യുവതി മരണത്തിന് മുൻപ് സെന്റ് ഹെലനയിൽ നിന്നും ജോഹന്നാസ്ബർഗിലേക്ക് വിമാനയാത്ര നടത്തിയിരുന്നു. ഇവരുമായി സമ്പർക്കമുണ്ടായ വിമാനത്തിലെ 82 യാത്രക്കാരെയും ആറ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താൻ അർജന്റീന ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
Photo and News Source: Sathyam Online









